തിരുവനന്തപുരം: മങ്കൊന്പ് നെല്ല് ഗവേഷണ കേന്ദ്രത്തിന്റെ മുൻ മേധാവി ഡോ. സി.എ. ജോസഫിന് കാർഷികമേഖലയിലെ സംഭാവനകൾ പരിഗണിച്ച് വെള്ളായണി കാർഷിക കോളജിലെ പൂർവ വിദ്യാർഥി സംഘടന ഏർപ്പെടുത്തിയ പ്രഥമ ‘കേരള ഫുഡ് പ്രൈസ്’ പുരസ്കാരം മരണാനന്തര ബഹുമതിയായി നൽകി. 55,555 രൂപയും പ്രശസ്തി പത്രവും ട്രോഫിയും അടങ്ങുന്നതാണ് അവാർഡ്.
‘ഉമ’യും ‘അന്നപൂർണ’യുമടക്കം 17നെല്ലിനങ്ങളുടെ പിന്നിൽ ഡോ. സി.എ. ജോസഫ് പ്രവർത്തിച്ചു. പതിറ്റാണ്ടുകളായി കേരളത്തിൽ കൃഷി ചെയ്തുവരുന്ന നെല്ലിനമാണ് ഉമ. നെൽകർഷകർക്കിടയിൽ ഉമയുടെ പ്രശസ്തിയെ മറികടക്കാൻ മറ്റൊരു ഇനത്തിനും ഇതുവരെ കഴിഞ്ഞിട്ടില്ല. സി.എ. ജോസഫ് വെള്ളായണി കർഷിക കോളജിലെ ഒന്നാം ബാച്ചിലെ (1955-58) വിദ്യാർഥിയായിരുന്നു.
കേരള കാർഷിക സർവകലാശാലയുടെ കീഴിലെ മങ്കൊന്പ് നെല്ല് ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത് 1998ൽ അവതരിപ്പിച്ച ഉമ കർഷകർക്കിടയിൽ വളരെ വേഗം പ്രചാരം നേടി. കർഷകമനസും നെൽപ്പാടങ്ങളും കീഴടക്കിയ ഒരു പ്രധാന നെല്ലിനമായി മാറുകയും ചെയ്തു.
അടുത്തിടെ ശുഭാംശു ശുക്ലയോടൊപ്പമുള്ള ബഹിരാകാശ ദൗത്യത്തിൽ ഉമ ഉൾപ്പെടുകയും ചെയ്തു. ഈ ദൗത്യത്തോടെ ഈ നെല്ലിനത്തിന് അന്താരാഷ്ട്ര അംഗീകാരം ലഭിക്കുകയും അതിന്റെ മികവ് കൂടുതൽ ഉയർത്തുകയും ചെയ്തു.
കർഷകർ നെഞ്ചേറ്റിയ ഉമയുടെ പിന്നിൽ പ്രവർത്തിച്ച ബുദ്ധിയും അധ്വാനവും അന്ന് മങ്കൊന്പ് കേന്ദ്രത്തിന്റെ മേധാവിയായിരുന്ന ഡോ. സി.എ. ജോസഫിന്റേതാണ്.